ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. 70 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം 46 സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും. കെജ്രിവാള്‍ കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ഡല്‍ഹി സീറ്റില്‍ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും സത്യേന്ദ്ര ജെയിന്‍ ഷകൂര്‍ ബസ്തിയിലും ജിതേന്ദ്ര തോമര്‍ ട്രി നഗറിലും മത്സരിക്കും. കല്‍കജിയില്‍ നിന്നാണ് അതിഷി ജനവിധി തേടുക. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എട്ട് പേര്‍ സ്ത്രീകളാണ്.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണും. അതേസമയം 14 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക് അന്തിമ രൂപമായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി പട്ടികയും അടുത്ത ദിവസം തന്നെ വരുമെന്നാണ് സൂചന.

70-ല്‍ 67 സീറ്റുകള്‍ നേടിയാണ് 2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ശേഷിച്ച മൂന്ന് സീറ്റ് ബിജെപിക്കായിരുന്നു.

Top