ഇന്ന് ഡല്‍ഹിയില്‍ നടന്നത് അരാജകത്വ സമരമെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: കര്‍ഷക സമരം കലാപ സമരമാക്കിയത് കോണ്‍ഗ്രസ്-സി.പി.എം സഖ്യമെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഇത് ജനാധിപത്യ കര്‍ഷക സമരമല്ല, അരാജകത്വ സമരമാണ്. റിപ്പബ്ലിക് ദിനം രാജ്യദ്രോഹികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയാണ് കര്‍ഷക സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

റിപ്പബ്ലിക് ദിനം കരിദിനമാക്കാന്‍ ശ്രമിച്ച രാജ്യദ്രോഹികളുടെ കൈയിലെ കളിപ്പാവയായി സി.പി.എം- കോണ്‍ഗ്രസ് സഖ്യം മാറി. റിപ്പബ്ലിക് ദിന പരേഡ് അലങ്കോലമാക്കി ആസൂത്രിതമായ കലാപം ഉണ്ടാക്കാനായിരുന്നു ലക്ഷ്യം. സുപ്രീം കോടതി നിയമം സ്റ്റേ ചെയ്തിട്ടും ട്രാക്ടര്‍ റാലി നടത്തി കലാപം ഉണ്ടാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന സമയവും റൂട്ടും മാറ്റി സംയമനം പാലിച്ച പോലീസിനെതിരേ അക്രമം നടത്തിയത് ആസൂത്രിതമാണ്. കര്‍ഷക സമരം രാജ്യദ്രോഹികളുടെ നിയന്ത്രണത്തിലാണന്ന ബി ജെ പിയുടെ അഭിപ്രായം ശരി വെക്കുന്നതാണ് ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറിയ കലാപമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

 

 

Top