ഉത്തർപ്രദേശിൽ തീവണ്ടി പാളം തെറ്റി : 13 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

train

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തീവണ്ടി പാളം തെറ്റി നിരവധി പേര്‍ക്ക് പരിക്ക്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഹൗറ – ന്യൂദില്ലി പൂര്‍വ എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.

പുലര്‍ച്ചെ ഒരു മണിയോടെ പ്രയാഗ്‌രാജ് സ്റ്റേഷന്‍ വിട്ട ശേഷമാണ് അപകടമുണ്ടായത്. പന്ത്രണ്ട് കോച്ചുകളില്‍ അഞ്ചെണ്ണത്തിനെങ്കിലും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. ഈ കോച്ചുകളെല്ലാം എടുത്ത് മാറ്റിയ ശേഷമേ ഇത് വഴിയുള്ള ട്രെയിന്‍ ഗതാഗതം സാധ്യമാകൂ. വൈകിട്ട് നാല് മണിയോടെ മാത്രമേ റെയില്‍പ്പാതയിലൂടെ പൂര്‍ണ ഗതാഗതം സാധ്യമാകൂ എന്ന് ഉത്തരറെയില്‍വേ പിആര്‍ഒ അറിയിച്ചു.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തപ്രതികരണസേനയുടെ 45 അംഗസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

തീവണ്ടിയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ കാന്‍പൂരിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് പ്രത്യേക ബസ്സുകളില്‍ യാത്രക്കാരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

Top