ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍. അവസാന ലീഗ് മത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റുചെയ്ത ഗുജറാത്തിന് ഒമ്പത് വിക്കറ്റ് നഷട്ത്തില്‍ 126 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 13.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി.
വിജയലക്ഷ്യത്തിലേക്ക് ഡല്‍ഹി അനായാസം മുന്നേറി. ഓപ്പണര്‍ ഷഫാലി വര്‍മ്മ 37 പന്തില്‍ 71 റണ്‍സ് നേടി മുന്നില്‍ നിന്ന് നയിച്ചു. ജമീമ റോഡ്രിഗ്‌സ് പുറത്താകാതെ നേടിയ 38 റണ്‍സും ഡല്‍ഹിക്ക് കരുത്തായി. വെള്ളിയാഴ്ച്ച നടക്കുന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഈ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ ഡല്‍ഹിയുമായി ഏറ്റുമുട്ടും.
രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ മലയാളി താരം മിന്നു മണി ഡല്‍ഹിക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്തു. മത്സരത്തില്‍ ടോസ് ലഭിച്ച ഗുജറാത്ത് ബാറ്റിംഗിനിറങ്ങി. ഭാരതി ഫുല്‍മാലിയുടെ 42 ആണ് ടോപ് സ്‌കോര്‍. കാതറിന്‍ ബ്രെയ്സ് പുറത്താവാതെ 28 റണ്‍സുമെടുത്തു. മിന്നുവിനെ കൂടാതെ മരിസാനെ കാപ്പ്, ശിഖ പാണ്ഡെ എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.