ദില്ലി ചലോ മാർച്ച്;കേന്ദ്രവുമായി ചർച്ച ഇന്ന് നടക്കും

കേന്ദ്ര സർക്കാരുമായി ചണ്ഡീ​ഗഡിൽ വെച്ച് കൂടിക്കാഴ്ച നടക്കും വരെ ബാരിക്കേഡ് മറികടന്നും അതിർത്തി ലംഘിച്ചും കർഷകർ പ്രതിഷേധം നടത്തില്ല. മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം കർഷക സമര നേതാവ് സർവൻ സിങ് പന്ഥേറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര കൃഷി മന്ദ്രി അർജുൻ മുണ്ടയും മറ്റ് കേന്ദ്ര മന്ത്രിമാരായ പിയുഷ് ​ഗോയലും നിത്യാനന്ദ് റായിയും കർഷകരുമായി കൂടിക്കാഴ്ച നടത്തും.

 

‘ഇന്നലെ രാത്രിയാണ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള സന്ദേശം ഞങ്ങൾക്ക് ലഭിച്ചത്. കേന്ദ്ര മന്ത്രി അനുരാജ് ഠാക്കൂറാണ് ചർച്ചയ്ക്ക് ക്ഷണിച്ചത്. കൂടിക്കാഴ്ച കഴിയും വരെ പ്രതിഷേധിക്കില്ലെന്നും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. അതുവരെ സമാധാനപരമായി പ്രതിഷേധം നടത്തും’.കർഷകർ പറഞ്ഞു.

അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ മാർച്ചിൽ ഇന്നലെ സംഘർഷമുണ്ടായി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിസന്ധികളെ മറികടന്ന് ഡൽഹിയിലേക്ക് യാത്ര തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം.

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകർക്ക് നേരെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ബുൾഡോസറുകൾ അടക്കമാണ് കർഷകർ എത്തിയത്. പ്രതിഷേധം ഇപ്പോഴും ശംഭു , ജിന്ദ്, കുരുക്ഷേത്ര അതിർത്തികളിൽ തുടരുകയാണ്.

കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റെർനെറ്റ് നിരോധനം നാളെ വരെ നീട്ടിയിട്ടുണ്ട്. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി.

Top