ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ചൈനയിലേക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം വൈകിട്ടോടെ വുഹാനില്‍ എത്തും. ആരോഗ്യമന്ത്രാലയത്തിലെ അഞ്ച് ഡോക്ടര്‍മാരും ഒരു പാരാമെഡിക്കല്‍ സംഘവും ഉള്‍പ്പെടെ 16 ജീവനക്കാരുള്‍പ്പെട്ട സംഘമാണ് വിമാനത്തില്‍ വുഹാനിലേക്ക് പറന്നത്.
വുഹാനില്‍ എത്തിയ ശേഷം പുലര്‍ച്ചെ രണ്ടോടെ ആദ്യ സംഘവുമായി വിമാനം മടങ്ങിയെത്തും.
കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബുധനാഴ്ചയാണ് ചൈന പ്രത്യക വിമാനത്തിന് അനുമതി നല്‍കിയത്. യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ചൈനയിലെ ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് മെഡിക്കല്‍ പരിശോധന നടത്തും. വൈറസ് ബാധയുണ്ടോന്ന സംശയം തോന്നിയാല്‍, ചൈനയില്‍ തന്നെ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും.
വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ വിമാനത്തില്‍ കയറ്റൂ. വിമാന ജോലിക്കാരും യാത്രക്കാരും തമ്മില്‍ യാതൊരുവിധ ആശയവിനിമയവും ഉണ്ടാകില്ല.