സംഘര്‍ഷം നിയന്ത്രണ വിധേയം,പ്രയോഗിച്ചത് കണ്ണീര്‍ വാതകം: ജോയിന്റ് കമ്മീഷണര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംഘര്‍ഷത്തില്‍ ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് സീലംപൂര്‍ ജാഫ്രദാബാദിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍.

പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ബുള്ളറ്റ് പ്രയോഗിച്ചിട്ടില്ലെന്നും കണ്ണീര്‍ വാതകമാണ് ഉപയോഗിച്ചതെന്നും അലോക് കുമാര്‍ പറഞ്ഞു. മാത്രമല്ല സംഘര്‍ഷത്തില്‍ ചില പൊലീസുകാര്‍ക്ക് പരിക്കേറ്റതായും അലോക് കുമാര്‍ അറിയിച്ചു.

ജാമിയാ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ പ്രദേശവാസികള്‍ സംഘടിച്ചതായിരുന്നു. തുടര്‍ന്ന് പൊലീസും പ്രക്ഷോഭകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു.

സ്‌കൂള്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ വേണ്ടി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ഒരുമണിയോടെ പ്രതിഷേധക്കാര്‍ ജഫറാബാദില്‍ എത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുകയും പിന്നീട് അക്രമാസക്തരാവുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സീലംപൂര്‍ നിന്നും ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് ഉണ്ട്. അതേടൊപ്പം തന്നെ ഇവിടത്തെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഏഴുമെട്രോ സ്റ്റേഷനുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.

Top