ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഇന്ന് ചോദ്യോത്തരവേള ഒഴിവാക്കും. പൗരത്വ ഭേദഗതി ബില്ലില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ചോദ്യോത്തരവേള ഒഴിവാക്കുന്നത്. പൗരത്വ ബില്‍ രാജ്യസഭയില്‍ 12 മണിക്കാണ് ചര്‍ച്ച ചെയ്യുക. ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം വ്യാപകമാകുകയും ലോക്‌സഭയില്‍ അനുകൂലിച്ച് വോട്ടു ചെയ്ത കക്ഷികളില്‍ അഭിപ്രായഭിന്നത ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ബില്‍ ചര്‍ച്ചയാവുന്നത്.
തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. തുടര്‍ന്ന് ഇന്ന് കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിന് ലോക്‌സഭയില്‍ അനുകൂലമായി 311 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 80 പേര്‍ മാത്രമാണ് എതിര്‍ത്തത്. പക്ഷേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ ബില്‍ പാസാക്കാന്‍ കഴിയില്ല.