പനിയും തൊണ്ട വേദനയും: അരവിന്ദ് കെജ്രിവാള്‍ ഐസൊലേഷനിൽ

ന്യൂഡല്‍ഹി: പനി ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. പനി തൊണ്ടവേദന എന്നിവയെ തുടര്‍ന്നാണ് കെജ്രിവാള്‍ ഐസൊലേഷനിൽ പോയത്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ നാളെ ശേഖരിക്കും.

ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജ്രിവാള്‍ റദ്ദാക്കിയിരുന്നു. ഞായയറാഴ്ച ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒടുവിലായി കെജ്രിവാള്‍ പ്രത്യക്ഷപ്പെട്ടത്.

ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികില്‍സ നല്‍കൂവെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താം. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തിയിരുന്നു. ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കാനുള്ള തീരുമാനം ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം മുംബൈയിലെ ആശുപത്രികളില്‍ മുംബൈക്കാര്‍ക്കും കൊല്‍ക്കത്തയിലെ ആശുപത്രികളില്‍ കൊല്‍ക്കത്തക്കാര്‍ക്കും മാത്രം ചികിത്സ നല്‍കിയാല്‍ മതിയോയെന്നും ചോദിച്ചിരുന്നു.ഇന്ത്യയില്‍ വിസ സംവിധാനമില്ലെന്ന് കെജ്രിവാള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top