ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫ.എസ്.എ.ആര്‍ ഗിലാനിയ്ക്ക് ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയുടെ പകര്‍പ്പ് കിട്ടിയില്ലെന്നും വാദം ഇന്നത്തേയ്ക്ക് മാറ്റണമെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് ഇന്നലെ ഹര്‍ജിയില്‍ വിധി പറയുന്നത് ഇന്നത്തേയ്ക്ക് മാറ്റിയത്.
ഫെബ്രുവരി 10ന് ഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ആരോപിച്ചാണ് ഗിലാനിയെ അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചായിരുന്നു പരിപാടി. പരിപാടിയ്ക്ക് ഹാള്‍ ബുക്ക് ചെയ്തതും നേതൃത്വം നല്‍കിയതും ഗിലാനിയാണെന്നാണ് പൊലീസ് പറഞ്ഞത്. ഫെബ്രുവരി 19ന് ഗിലാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസില്‍ ആദ്യം വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുകയും പിന്നീട് ശിക്ഷാഇളവ് ലഭിയ്ക്കുകയും ചെയ്ത ഗിലാനിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.