ഡല്‍ഹി കോടതി വെടിവെയ്പ്പ്; ഗുണ്ടാതലവന്റെ വധം തീഹാര്‍ ജയിലില്‍ നിന്നുള്ള നിര്‍ദേശപ്രകാരം

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയില്‍ ഉണ്ടായ വെടിവെയ്പ്പ് തീഹാര്‍ ജയിലില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചെന്ന് റിപ്പോര്‍ട്ട്. വെടിവെയ്പ്പില്‍ ഗുണ്ടാതലവന്‍ ഗോഗിയെന്ന ജിതേന്ദര്‍ മാന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഗോഗിയുടെ എതിര്‍ചേരിയിലെ ഗുണ്ടാനേതാവ് തില്ലു തജ്പുരിയുടെ നിര്‍ദേശപ്രകാരമാണെന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.

തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തില്ലു ജയിലില്‍ നിന്ന് അക്രമികള്‍ക്ക് ഫോണ്‍ വഴി നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അതീവ സുരക്ഷാസജ്ജീകരണങ്ങളുള്ള തീഹാര്‍ ജയിലില്‍ നിന്ന് തില്ലു എങ്ങനെ ഫോണ്‍ ഉപയോഗിച്ചുവെന്നത് ജയില്‍ അധികൃതരെ പ്രതികൂട്ടിലാക്കുന്ന സംഭവമാണ്.

രാഹുല്‍ ത്യാഗി, ജഗ്ദീപ് ജഗ്ഗ എന്നിവരാണ് കോടതിക്കുള്ളില്‍ അഭിഭാഷകരുടെ വേഷത്തില്‍ കയറി ഗോഗിക്കെതിരെ വെടിയുതിര്‍ത്തത്. ഗോഗിയും രണ്ട് അക്രമികളും കൊല്ലപ്പെട്ടു. സംഭവത്തില്‍ മറ്റ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തില്ലുവിന്റെ തന്നെ സംഘാംഗങ്ങളായ വിനയ്, ഉമാംഗ് എന്നിവരാണ് പിടിയിലായത്.

രാഹുല്‍ ത്യാഗി, ജഗ്ദീപ് ജഗ്ഗ എന്നിവര്‍ കോടതിയില്‍ എത്തിയപ്പോള്‍ തില്ലു തങ്ങളെ കോടതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നെന്നും, രണ്ട് അക്രമികളും കൊല്ലപ്പെടുന്നത് വരെ തില്ലുവിന് വിവരങ്ങള്‍ കൈമാറുന്നുണ്ടായിരുന്നെന്നും പിടിയിലായ വിനയും ഉമാംഗും പറഞ്ഞു.

തില്ലു ഈ ഓപ്പറേഷന്‍ മുഴുവന്‍ പ്ലാന്‍ ചെയ്തത് തന്റെ ഫോണിലായിരുന്നുവെന്നും എപ്പോഴെങ്കിലും ആ ഫോണ്‍ കണ്ടെത്താന്‍ ജയില്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നുവെന്നും പൊലീസ് കുറ്റപ്പെടുത്തി.

Top