ഡൽഹി: തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 36 വിദേശികളെ എല്ലാ കേസുകളിൽനിന്നും ഡൽഹിയിലെ കോടതി കുറ്റവിമുക്തരാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് സമ്മേളനത്തിൽ പങ്കെടുത്തുവെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരുന്നത്.14 രാജ്യങ്ങളിൽനിന്ന് എത്തിയ വിദേശികളെയാണ് ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേട്ട് അരുൺ കുമാർ ഗാർഗ് കുറ്റവിമുക്തരാക്കിയത്.
എപ്പിഡമിക് ആക്ട്, 2005 ലെ ദുരന്ത നിവാരണ നിയമം, വിസ നിയമലംഘനം എന്നിവയ്ക്ക് പുറമെ സർക്കാർ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നു, ജീവന് ഭീഷണിയാകാവുന്ന പകർച്ചവ്യാധി പടർന്നു പിടിക്കാൻ ഇടയാകുംവിധം അശ്രദ്ധയോടെ പെരുമാറി, നിയന്ത്രണങ്ങൾ പാലിക്കാതിരുന്നു, ക്വാറന്റീൽ നിയമങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.