ന്യൂഡല്‍ഹി: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്.
തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെയുള്ള കേസ് അന്വേഷിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ പൊലീസും തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി പെണ്‍കുട്ടി കോടതിയിലെത്തിയത്.
തുടര്‍ന്ന് ഉദ്യോഗസ്ഥക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടാല്‍ ഹൈക്കോടതിയില്‍ പോകുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആരോപണ വിധേയനായ അധ്യാപകനെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥ തെറ്റായ തെളിവുകളുണ്ടാക്കിയെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥ തന്നെ പീഡിപ്പിച്ചു. അതിനുശേഷമാണ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയത്. തന്റെ അനുവാദമില്ലാതെയാണ് ഡോക്ടര്‍ മെഡിക്കല്‍ പരിശോധന നടത്തിയതെന്നും കുട്ടി ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റിലാണ് അമാന്‍ വിഹാര്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് സ്‌കൂള്‍ അധ്യാപകനില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നത്. ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞുവെങ്കിലും സ്‌കൂളിലെത്തിയ പിതാവിനെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥയും കുട്ടിയെ പീഡിപ്പിച്ചത്.