ദില്ലി കോടതിയിലെ വെടിവെപ്പ്; രണ്ട് പേര്‍ പിടിയില്‍

ദില്ലി: ദില്ലി രോഹിണി കോടതി വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഉമങ്ക്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ജിതേന്ദ്രഗോഗിയെ വധിക്കാനെത്തിയ അക്രമികള്‍ക്ക് ഇരുവരും സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. രോഹിണി കോടതിയിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇരുവരുടെയും പങ്കാളിത്തം വ്യക്തമായതെന്നാണ് സൂചന.

അക്രമികളെ കോടതിയില്‍ ഇറക്കാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോഗിയെ വധിക്കാനായി മണ്ഡോലി ജയില്‍ വച്ചാണ് ടില്ലു ഗൂഢാലോചന നടത്തിയതെന്നാണ് അനുമാനം. ഇയാളെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. അതിനിടെ, രോഹിണി കോടതിയില്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ലെന്ന് ഒരു വര്‍ഷം മുന്‍പ് ദില്ലി ഹൈക്കോടതി ഭരണ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു . ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഭരണ വിഭാഗം ഇക്കാര്യം ഉന്നയിച്ചത്.

അടിയന്തരമായി പൊലീസ് വിന്യാസം വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും ഭരണവിഭാഗം ജുഡീഷ്യല്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അഭിഭാഷകനായ കുന്‍വാര്‍ ഗംഗേഷ് 2019 ല്‍ നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞവര്‍ഷം ഭരണവിഭാഗം സത്യവാങ്മൂലം നല്‍കിയത്. കോടതികളില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്റെ ഹര്‍ജി. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.

കോടതിയില്‍ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. വീണ്ടും ഗുണ്ടാ ഏറ്റുമുട്ടല്‍ ഉണ്ടാകാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ ജയിലുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സുരക്ഷ വിഷയം ഉന്നയിച്ച് ജില്ലാ കോടതികളിലെ നടപടികളില്‍ നിന്ന് അഭിഭാഷകര്‍ ഇന്നലെ വിട്ടു നിന്നു.

 

Top