അവിടുത്തെ ചട്ടമ്പിത്തരം ഇവിടെ നടക്കില്ല, പ്രണയ വിവാഹിതരെ അറസ്റ്റ് ചെയ്ത യുപി പൊലീസിനെതിരെ ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന്റെ ബന്ധുക്കളെ യുപി പൊലീസ് ഡല്‍ഹിയില്‍ എത്തി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് കോടതിയുടെ കടുത്ത വിമര്‍ശനം.

ഉത്തര്‍പ്രദേശില്‍ പലതും നടക്കും എന്നാല്‍ അത് ഡല്‍ഹിയില്‍ നടക്കില്ല. ആരോ നിങ്ങളുടെ അടുത്ത് വരുന്നു, ഒന്നും നോക്കാതെ നിങ്ങള്‍ ആളുകളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നു? ഇത് ഇവിടെ നടക്കില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ ദമ്പതികള്‍ ജൂലൈയില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അത് പെണ്‍കുട്ടിയുടെ കുടംബത്തിന് സമ്മതമല്ലായിരുന്നു. വീട്ടുകാരില്‍ നിന്ന് ദമ്പതികള്‍ക്ക് ഭീഷണി നേരിട്ടിരുന്നു. ഒടുവില്‍ യുവാവിന്റെ പിതാവിനെയും സഹോദരനെയും ഡല്‍ഹി പൊലീസിനെ അറിയിക്കാതെ യുപിയിലെ ഷാംലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റ് നടന്ന് ഒരു മാസമായിട്ടും ഇവര്‍ എവിടെയാണെന്ന വിവരം ലഭിച്ചിരുന്നില്ല. യുവതിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് സെപ്തംബര്‍ എട്ടിന് അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു

Top