ന്യൂഡല്‍ഹി: നഗരത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. മുന്‍കരുതലുകളെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയ ഡല്‍ഹി ഡയറക്ടട്രേറ്റ് ഓഫ് എജ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതിനിടെ, സ്‌കൂളുകള്‍ അടച്ചിടുന്നത് അവസാനത്തെ മാര്‍ഗമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആവശ്യമെങ്കില്‍ ഭാഗികമായി സ്‌കൂളുകള്‍ അടച്ചിടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ പഠനം വീണ്ടും തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സിസോദിയ പറഞ്ഞു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ടേം -1, ടേം-2 പരീക്ഷാ സിസ്റ്റം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സിലബസ് പൂര്‍ത്തിയാക്കാന്‍ വേനലവധിക്കാലത്ത് ക്ലാസുകള്‍ ക്രമീകരിക്കുമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകളെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്.ഒ.പി.) പാലിക്കണമെന്നാണ് നിര്‍ദേശം. സ്ഥാപനത്തില്‍ ആര്‍ക്കെങ്കിലും രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ അറിയിക്കണം. രോഗവ്യാപന തോത് അനുസരിച്ച് ഭാഗികമായോ മൊത്തമായോ സ്‌കൂള്‍ അടച്ചിടണമെന്നും നിര്‍ദേശമുണ്ട്.
ഡല്‍ഹിയിലെ പ്രതിദിന കേസുകളില്‍ ഒരാഴ്ചയായി വന്‍വര്‍ധനവാണുള്ളത്. കുറച്ച് ദിവസങ്ങളായി രോഗസ്ഥിരീകരണനിരക്ക് രണ്ട് ശതമാനത്തിനപ്പുറം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. പുതിയ യു.കെ. വകഭേദം എക്സ്-ഇ രാജ്യത്ത് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വന്‍ജാഗ്രതയാണ് അധികൃതര്‍ പാലിക്കുന്നത്. ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനസര്‍ക്കാരിന് കത്തയച്ചിരുന്നു.