ന്യൂഡല്‍ഹി: ഗുജറാത്ത് ലയണ്‍സിന്റെ 208 എന്ന കൂറ്റന്‍ സ്‌കോര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 17.3 ഓവറില്‍ മറികടന്നു. 15 പന്ത് ബാക്കി നില്‍ക്കെയാണ് ഡല്‍ഹി മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി ലക്ഷ്യം മറികടന്നത്.
ഒമ്പത് സിക്സറുകളുടേയും ആറു ഫോറുകളുടേയും അകമ്പടിയില്‍ 43 പന്തില്‍ നിന്ന് ഋഷഭ് പന്ത് 97 റണ്‍സെടുത്തു. 31 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ സഞ്ജു ഏഴ് സിക്സറുകളാണ് എടുത്തത്. കരുണ്‍ നായര്‍ 12 റണ്‍സെടുത്ത് മൂന്നാം ഓവറില്‍ പുറത്തായതിന് പിന്നാലെയെത്തിയ പന്തും സഞ്ജുവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 10 ഓവറില്‍ നിന്ന് 143 റണ്‍സാണ് വാരിക്കൂട്ടിയത്. 8 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് ശ്രേയസ് അയ്യരും 12 പന്തില്‍ നിന്ന് 18 റണ്‍സ് നേടി കോറി ആന്‍ഡേഴ്സണും പുറത്താകാതെ നിന്നു.
ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി പത്താം സീസണില്‍ ഒരിക്കല്‍ കൂടി മികച്ച ബാറ്റിങ് പുറത്തെടുത്ത സുരേഷ് റെയ്‌നയുടെ മികവിലാണ് ഗുജറാത്ത് ലയണ്‍സ് 208 റണ്‍സ് അടിച്ചത്്. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 208 റണ്‍സടിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലത്തിനെ ഒരു റണ്ണിന് നഷ്ടപ്പെട്ട ഗുജറാത്തിനെ പിന്നീട് സുരേഷ് റെയ്‌ന കര കയറ്റുകയായിരുന്നു. 43 പന്തില്‍ അഞ്ചു ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ റെയ്‌ന 77 റണ്‍സടിച്ചു. തന്റെ 31-ാം ഐ.പി.എല്‍ അര്‍ധ സെഞ്ചുറിയാണ് റെയ്‌ന നേടിയത്. ഒപ്പം ഒരുപിടി റെക്കോര്‍ഡുകളും ഫിറോസ്ഷാ കോട്‌ലയില്‍ ഗുജറാത്ത് ക്യാപ്റ്റന്‍ പിന്നിട്ടു. ഇന്ത്യന്‍ മണ്ണില്‍ 5000 ടി-ട്വന്റി റണ്‍സ് പിന്നിട്ട റെയ്‌ന ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരവുമായി.
34 പന്തില്‍ 65 റണ്‍സടിച്ച ദിനേഷ് കാര്‍ത്തിക്ക് റെയ്‌നയ്ക്ക് മികച്ച പിന്തുണയാണ് നല്‍കി്. ഇരുവരും മൂന്നാം വിക്കറ്റില്‍ 12 ഓവറില്‍ 133 റണ്‍സടിച്ചെടുത്തു. പിന്നീട് ഇന്നിങ്‌സിലെ അവാസന രണ്ട് പന്തില്‍ സിക്‌സ് നേടി രവീന്ദ്ര ജഡേജ ഗുജറാത്തിന്റെ സ്‌കോര്‍ 200 കടത്തുകയായിരുന്നു. റബാഡിയും കമ്മിന്‍സും ഡല്‍ഹിക്കായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.