ന്യൂഡല്‍ഹി: മുംബൈ സിറ്റി എഫ്.സി ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. രണ്ടാം സ്ഥാനം ലക്ഷ്യമാക്കി കളത്തിലിറങ്ങുന്ന മുംബൈ സിറ്റി വിജയ പ്രതീക്ഷയോടെയാണ് മത്സരിക്കുക. മുംബൈ ഫുട്‌ബോള്‍ അറീനയിലാണ് മത്സരം.
എ.ടി.കെയോട് കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടാണ് ഡല്‍ഹി ഇന്ന് കളത്തിലിറങ്ങുക. അതേസമയം നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ 2-0 പരാജയപ്പെടുത്തിയാണ് മുംബൈ മത്സരിക്കുക.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഡല്‍ഹിക്ക് ഇന്ന് വിജയം ഉറപ്പിച്ചേ മതിയാകൂ. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന എമാനയും മുന്നേറ്റ നിരയില്‍ മികച്ച ഫോമിലുള്ള ബല്‍വന്ത് സിംഗുമാണ് മുംബൈയുടെ ശക്തി.
7 മത്സരങ്ങളില്‍ 10 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ 13 പോയിന്റോടെ മുംബൈ രണ്ടാം സ്ഥാനത്തെത്തും. എന്നാല്‍, അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റാണ് ഡല്‍ഹി മുംബൈയെ നേരിടാനിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ പൂനെ സിറ്റിയെ തോല്‍പ്പിച്ച ഡല്‍ഹി തുടര്‍ന്നുള്ള എല്ലാ മത്സരങ്ങളും പരാജയപ്പെടുകയായിരുന്നു. വിലക്ക് മാറി സെഹ്നജ് സിങ് തിരിച്ചു വരുന്നതും പരിക്ക് മാറി ലിയോ കോസ്റ്റ തിരിച്ചു വരുന്നതും ഡല്‍ഹിക്ക് വിജയ പ്രതീക്ഷ നല്‍കുന്നുണ്ട്.