ഡല്‍ഹിയിലെ വൊട്ടെണ്ണല്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടരുമ്പോള്‍ മനം നിറച്ച് പ്രതീക്ഷയുമായി എഎപി. ഡല്‍ഹിയിലെ പ്രധാനമത്സരം എഎപിയും ബിജെപിയും തമ്മിലെന്നത് നിസംശയം പറയാവുന്നതാണ്. ഫലം തങ്ങള്‍ക്കൊപ്പമെന്ന് മൂന്ന് പാര്‍ട്ടികള്‍ക്കും അവകാശപ്പെടാന്‍ ഏറെ കാര്യങ്ങള്‍ മുന്‍ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്നുണ്ട്.
2013ലാണ് ഡല്‍ഹിയില്‍ ആദ്യമായി ത്രികോണ പോരാട്ടം തുടങ്ങിയത്. 2013 ലെ കന്നിയങ്കത്തില്‍ തന്നെ കിരീടം ഉറപ്പിച്ചവരാണ് ആംആദ്മിപാര്‍ട്ടി. അന്ന് ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഡല്‍ഹി ജനത പുതിയ രാഷ്ട്രീയത്തിന് കൈ കൊടുക്കുകയായിരുന്നു. 70 സീറ്റില്‍ 28 സീറ്റാണ് അന്ന് എഎപി നേടിയത്. 31 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 8 സീറ്റുള്ള കോണ്‍ഗ്രസ് എഎപിക്ക് നിരുപാധികം പിന്തുണ നല്‍കി. അങ്ങനെ കെജ്രിവാള്‍ സര്‍ക്കാര്‍ ഉണ്ടാക്കി.
ഏറ്റവും ശ്രദ്ധേയമായ കാര്യം അന്ന് പാര്‍ട്ടികള്‍ തമ്മില്‍ വോട്ടില്‍ ഇന്നുള്ള അത്രയും അന്തരം ഉണ്ടായിരുന്നില്ല എന്നതാണ്. എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ എക്‌സിറ്റ് ഫലത്തിന്റെ പിന്‍ബലത്തിലാണ് എഎപി. എന്നാല്‍ അവസാന നിമിഷം വിജയം തങ്ങള്‍ക്കു തന്നെയെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.
ഷഹീന്‍ ബാഗ് ഉള്‍പ്പെടെ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് പോളിംഗാണ് നടന്നത് എന്ന സൂചനകള്‍ എഎപിക്ക് ആത്മവിശ്വാസം നല്‍കുന്നു എന്ന് വേണം കരുതാന്‍. ഏറ്റവുമൊടുവില്‍ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയതായിരുന്നു ഇത്തവണത്തെ ബിജെപിയുടെ ആത്മവിശ്വാസവും. 56 ശതമാനം വോട്ട് ഷെയറാണ് ബിജെപിക്ക് തൊട്ടുമുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്ളത്. 18 ശതമാനം വോട്ട് മാത്രമാണ് എഎപിക്കുള്ളതും. അതേസമയം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് എഎപിയേക്കാള്‍ വോട്ടുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
വോട്ടെണ്ണല്‍ രാവിലെ 8നു തുടങ്ങുമ്പോള്‍ 9 മുതല്‍തന്നെ ആദ്യ സൂചനകള്‍ ലഭിക്കും. 11 മണിയോടെ പൂര്‍ണ ചിത്രം വ്യക്തമാകും. ആംആദ്മി പാര്‍ട്ടി ഉജ്വലവിജയം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍, ഇത് വിശ്വസിക്കുന്നില്ലെന്നും അധികാരത്തിലെത്തുമെന്നും ബിജെപി പറയുന്നു.