നാടകീയ വിധിയെഴുത്ത്; പ്രമുഖരുടെ പേരില്‍ സ്ഥാനാര്‍ത്ഥികള്‍, പാര്‍ട്ടികള്‍ക്കും അപരന്മാര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വോട്ടിങ് തുടരുമ്പോള്‍ നാടകീയമായ ചില രംഗങ്ങളാണ് അരങ്ങേറുന്നത്. നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ‘ഇമ്രാന്‍ ഖാനും’ ‘നാഥുറാമും’. പ്രമുഖന്മാരുടെ പേരുകള്‍ സ്വീകരിച്ച് ഒരു ‘സൈക്കോളജിക്കല്‍ മൂവ്’ ആണ് ഡല്‍ഹിയില്‍ നടക്കുന്നത്.

ഡല്‍ഹിയിലെ കാരാവല്‍ നഗര്‍, മുസ്താഫാദ് മണ്ഡലങ്ങളില്‍ ഇമ്രാന്‍ ഖാന്മാര്‍ മത്സരിക്കുന്നു. വസിപുര്‍ മണ്ഡലത്തിലാണ് നാഥുറാം മത്സരിക്കുന്നത്.

ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 42 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

പ്രധാന പാര്‍ട്ടികള്‍ക്ക് പുറമെ ചെറുകിട പാര്‍ട്ടികളുടെ സാന്നിധ്യവും പല മണ്ഡലങ്ങളിലും മത്സരത്തിന് കൊഴുപ്പേകുന്നുണ്ട്. ടിപ്പുസുല്‍ത്താന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായാണ് ഇമ്രാന്‍ ഖാനും ഇമ്രാന്‍ മത്‌ലബ് ഖാനും മത്സരിക്കുന്നത്. വസിപുരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായാണ് നാഥുറാം മത്സരിക്കുന്നത്.

പല മണ്ഡലങ്ങളിലും അപരന്മാരുടെ സാന്നിധ്യവും ധാരാളമുണ്ട്. സാദര്‍ ബസാര്‍ മണ്ഡലത്തില്‍ എഎപിയുടെ സിറ്റിങ് എംഎല്‍എ സോം ദത്തിന് അപരന്മാരായി രണ്ട് സോംദത്തുമാരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. പാര്‍ട്ടികള്‍ക്ക് വരെ അപന്മാര്‍ ഉണ്ടെന്നത് തെരഞ്ഞെടുപ്പിനെ കൂടുതല്‍ നാടകീയതയിലേക്ക് എത്തിക്കുന്നു. ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ അനുസ്മരിപ്പിക്കുന്ന ആപ്കി അപ്നി പാര്‍ട്ടിയാണ് എഎപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുമായാണ് ആം ആദ്മി പാര്‍ട്ടി വിജയം ആഘോഷിച്ചത്. ബിജെപി 3 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് ഫലം 11നാണ് പുറത്ത് വരുന്നത്. ഇന്നു വൈകിട്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.

Top