ന്യൂഡല്‍ഹി: ഡല്‍ഹി ഭരണം വീണ്ടും തങ്ങള്‍ക്ക് തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആം ആദ്മി. വിജയം തങ്ങള്‍ക്ക് തന്നെയെന്നാണ് ആംആദ്മി സ്ഥാനാര്‍ത്ഥിയും ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ജോലി ചെയ്തത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നതാണ് അതിന് കാരണമെന്നും മനീഷ് സിസോദിയ പറഞ്ഞു.
യഥാര്‍ത്ഥ വിജയത്തിന്റെ അര്‍ത്ഥമെന്താണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ വിജയം കാണിച്ചുതരും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരവസരം ലഭിച്ചാല്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി, വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ വിജയിക്കാം എന്ന പാഠമാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് നല്‍കുന്നത്. ആം ആദ്മി പാര്‍ട്ടി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലര്‍ ഹിന്ദു-മുസ്ലീം വിഭാഗീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
പട്പര്‍ഗഞ്ചില്‍ നിന്നാണ് മനീഷ് സിസോദിയ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മനീഷ് സിസോദിയ മുന്നേറുകയാണ്. കോണ്‍ഗ്രസിന്റെ ലക്ഷ്മണ്‍ റാവത്തിനോടും ബിജെപിയുടെ രവി നേഗിയോടുമാണ് അദ്ദേഹം മത്സരിച്ചത്.
54 ശതമാനം വോട്ടുകള്‍ക്കാണ് ഇതേ മണ്ഡലത്തില്‍ നിന്ന് മനീഷ് സിസോദിയ 2015 ല്‍ വിജയിച്ചത്. ബിജെപിയുടെ വിനോദ് കുമാര്‍ ബിന്നിയെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്.