ഡൽഹി മദ്യനയ അഴിമതി: കവിത ഇഡിക്കു മുന്നിൽ

ഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു പണം തട്ടിപ്പു നടത്തിയെന്ന കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ നോട്ടീസ് അനുസരിച്ച് രാവിലെയാണ് കവിത ചോദ്യം ചെയ്യലിനു ഹാജരായത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കൂടിയായ കവിതയെ ചോദ്യം ചെയ്യുന്നതു കണക്കിലെടുത്ത് അതീവ സുരക്ഷയാണ് ഇഡി ഓഫിസ് പരിസരത്ത് ഒരുക്കിയിട്ടുള്ളത്. ഡൽഹി പൊലീസിനെയും കേന്ദ്ര അർധ സൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇഡി ഓഫിസിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.

വ്യാഴാഴ്ച ഹാജരാവാനാണ് ഇഡി കവിതയ്ക്കു നോട്ടീസ് നൽകിയിരുന്നത്. എന്നാൽ വനിതാ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരുന്നതിനാൽ അന്നു ഹാജരാവാനാവില്ലെന്ന് അവർ അറിയിച്ചു. തുടർന്നാണ് ഇന്നു ഹാജരാവാൻ നിർദേശിച്ചത്.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ മലയാളി ബിസിനസുകാരൻ അരുൺ രാമചന്ദ്ര പിള്ളയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അരുണിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.

Top