ന്യൂഡല്‍ഹി: ഇന്ന് രാജ്യ തലസ്ഥാനം ഉണര്‍ന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ്. ലഗ്ഗേജ് നിര്‍മാണക്കമ്പനിയിലുണ്ടായ അഗ്നി ബാധയില്‍ വെന്തുമരിച്ചത് 43 ജീവനുകളാണ്. അഗ്നി ഫാക്ടറിയെ വിഴുങ്ങുമ്പോഴും അതിനെ എല്ലാം മറികടന്ന് 11 ജീവനുകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ രാജേഷ് ശുക്ല എന്ന ഫയര്‍മാനാണ് യഥാര്‍ത്ഥ ഹീറോ. സ്വന്തം ജീവന്‍ മറന്ന് തന്റെ കൃത്യനിര്‍വഹണം നടത്തുന്നതിനിടയില്‍ ഈ ഉദ്യോഗസ്ഥനും കാലുകള്‍ക്കു പരുക്കേറ്റു. ഡല്‍ഹി ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനായ ശുക്ലയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി.
ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രിയിലെത്തി രാജേഷ് ശുക്ലയെ കണ്ടു. ‘അദ്ദേഹമൊരു യഥാര്‍ഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയര്‍മാനാണ് രാജേഷ് ശുക്ല. 11 ജീവനുകളെ രക്ഷിച്ചു. പരുക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിര്‍വഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു’ സത്യേന്ദ്ര ജെയ്ന്‍ ട്വീറ്റ് ചെയ്തു.
വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന 43 തൊഴിലാളികളാണ് അഗ്നിക്കിരയായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. 63 പേരെ കെട്ടിടത്തില്‍നിന്നു രക്ഷിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫാക്ടറിക്ക് അകത്ത് തീപിടിത്തമുണ്ടാകുമ്പോള്‍ ഏതാണ്ട് 50 പേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണ് വിവരം. തീ ആളിപ്പടര്‍ന്നതോടെ ആളുകള്‍ നിലവിളിച്ച് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. എന്നാല്‍ വായുസഞ്ചാരമില്ലാത്ത ഫാക്ടറിയില്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.