ന്യൂഡല്‍ഹി: 43 പേരുടെ ജീവനെടുത്ത ഡല്‍ഹി ലഗ്ഗേജ് നിര്‍മാണക്കമ്പനിയിലെ തീപിടുത്തത്തിന് കാരണം സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും സുരക്ഷാ സംവിധാനങ്ങളുടെ കുറവുമാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് (ഡിഎഫ്എസ്) വക്താവ്. അവശ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് നിര്‍മാണശാല പ്രവര്‍ത്തിച്ചുവന്നതെന്ന് അഗ്‌നിശമന സേനാ വക്താവ് പറഞ്ഞു.
ജനവാസ കേന്ദ്രത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കിയ അധികൃതരാണ് അപകടത്തിന് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനവാസകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണശാലകളില്‍ പലതും ലൈന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടമുണ്ടായ സ്ഥാപനത്തില്‍ അപായ അലാറമോ തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷപ്പെടുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തമുണ്ടായ സമയത്ത് പലരും ഉറക്കത്തിലായിരുന്നതിനാല്‍ അപകട വിവരം ലഭിക്കാന്‍ വൈകി എന്നും ഇത് മരണസംഖ്യ ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന 43 തൊഴിലാളികളാണ് അഗ്‌നിക്കിരയായത്. 14നും 20നും ഇടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. 63 പേരെ കെട്ടിടത്തില്‍നിന്നു രക്ഷിച്ചു.
റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫാക്ടറിക്ക് അകത്ത് തീപിടിത്തമുണ്ടാകുമ്പോള്‍ ഏതാണ്ട് 50 പേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണ് വിവരം. തീ ആളിപ്പടര്‍ന്നതോടെ ആളുകള്‍ നിലവിളിച്ച് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. എന്നാല്‍ വായുസഞ്ചാരമില്ലാത്ത ഫാക്ടറിയില്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.