ന്യൂഡല്‍ഹി : ഡൽഹിയിൽ 43 പേരുടെ ദാരുണ മരണത്തിനിടയാക്കിയ ഫാക്ടറി പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. അനാജ് മണ്ടിയിലെ ആസാദ് മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്.
ഒറ്റവാതിൽ മാത്രമുള്ള കെട്ടിടത്തിന് അഗ്‌നിശമന വകുപ്പിന്റെ അടക്കം ക്ലിയറൻസ് ലഭിച്ചിരുന്നില്ല. തീപിടിച്ച കെട്ടിടത്തിന് ഫയര്‍ ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. മനുഷ്യനിർമിത ദുരന്തമാണുണ്ടായതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.
ഷോട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ഫാക്ടറി ഉടമ മൊഹദ് റഹാന്‍ പിടിയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സംഭവത്തെക്കുറിച്ച് ഡൽഹി സർക്കാർ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു.
ദുരന്തത്തിന് ഇരയാവർക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ഫോറന്‍സിക് വിദഗ്ദര്‍ തീപിടിച്ച കെട്ടിടത്തില്‍ പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ചു. ഡല്‍ഹി പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന 43 തൊഴിലാളികളാണ് അഗ്‌നിക്കിരയായത്. 14നും 20നും ഇടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.