ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ രാജ്യതലസ്ഥാനത്ത് ‘ഗാര്‍ബേജ് കഫേകള്‍’ സജീവമാകുന്നു. പ്ലാസ്റ്റിക് ലാവോ, ഘാനാ ഘാവോ (പ്ലാസ്റ്റിക് കൊണ്ടുവരു ഭക്ഷണം കഴിക്കു.) എന്ന ടാഗ് ലൈനോടെയാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
പ്ലാസ്റ്റിക്ക് കളയാതെ കഫേയില്‍ എത്തിച്ചാല്‍ 250 ഗ്രാമിന് മുകളിലോട്ടുള്ള മാലിന്യങ്ങള്‍ ഇവര്‍ ശേഖരിക്കും പകരം നല്‍കുന്നതാവട്ടെ രുചിയൂറുന്ന ഭക്ഷണവും. മാത്രമല്ല പ്രധാന പ്രത്യേകത എന്തെന്നാല്‍ മാലിന്യത്തിന്റെ തൂക്കത്തിനരുസരിച്ച് ഭക്ഷണത്തിന്റെ അളവും കൂടും എന്നതാണ്.
സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായാണ് ഗാര്‍ബേജ് കഫേയെന്ന ആശയം നടപ്പാക്കിയത്. ഒരാഴ്ച്ചയ്ക്കകം നൂറ് കിലോ മാലിന്യമാണ് ശേഖരിച്ചത്. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് മാലിന്യം സംസ്‌ക്കരിക്കുന്നത്. വരും ദിവസങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ ഗാര്‍ബേജ് കഫേകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ഉല്പാദിപ്പിക്കുന്ന മെട്രോനഗരമാണ് ഡല്‍ഹി. അതിനാല്‍ അവിടുത്തെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ പെടാപ്പാടു പെടുന്ന ഡല്‍ഹി നിവാസികള്‍ക്ക് ഈ ആശയം വന്നത് ആശ്വാസകരമാണ്.