ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഗാർഗി കോളേജിലെ വിദ്യാർത്ഥികൾ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ മൂന്ന് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു. കോളേജ് അധികൃതരുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സംഭവത്തിൽ ഡൽഹി പൊലീസിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
സംഭവത്തിൽ വിദ്യാർത്ഥിനികളുടെ പരാതിയിന്മേൽ ദേശീയ വനിതാ കമ്മീഷൻ ഇന്ന് കോളേജിൽ എത്തി അന്വേഷണം നടത്തി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന കോളേജ് ഫെസ്റ്റിവലിന് ഇടയിലാണ് സംഭവം. പരിപാടിക്കിടെ ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകൾ വിദ്യാർത്ഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. 30-35 വയസിന് ഇടയിലുള്ള യുവാക്കളാണ് അതിക്രമിച്ച് ക്യാമ്പസിലേയ്ക്ക് കടന്നതെന്നും ഇവർ ലഹരി ഉപയോഗിക്കുകയും പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ചില വിദ്യാർത്ഥികൾ പറയുന്നത്.ചില വിദ്യാർത്ഥിനികൾ തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനിൽക്കെയാണ് തങ്ങൾക്ക് നേരെ പുറത്തുനിന്ന് എത്തിയവർ ആക്രമണം നടത്തിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പാർലമെന്റിൽ ഉറപ്പുനൽകിയിരുന്നു.
പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കെത്തിയവരാണ് ക്യാംപസിൽ അതിക്രമിച്ച് കയറിയതെന്ന് ചില വിദ്യാർത്ഥിനികൾ ആരോപിച്ചു. ‘ജയ് ശ്രീറാം’ വിളിച്ചാണ് ആളുകൾ ക്യാംപസിനുള്ളിൽ പ്രവേശിച്ചതെന്ന് ഇടത് അനുകൂല വിദ്യാർത്ഥി സംഘടനായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്തു നിന്നു വൻ വീഴ്ചയാണ് സംഭവച്ചിരിക്കുന്നതെന്നും ഇതിനെതിരെ തിങ്കളാഴ്ച ക്യാംപസിൽ പ്രതിഷേധിക്കുമെന്നും സംഘടന അറിയിച്ചു.