ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണം; ബിജെപിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുവയസ്സുകാരിയുടെ കേസിലും നിര്‍ഭയ കേസിലും ബിജെപി ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് ബിജെപി രാഷ്ട്രീയവത്കരിക്കുകയാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് ബിജെപി ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലെഴുതിയ കുറിപ്പിലാണ് മുതിര്‍ന്ന നേതാവായ സഞ്ജയ് റാവത്ത് ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘ ഒമ്പത് വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്തു. പക്ഷെ ബിജെപി ഇത്തരം കൂടിക്കാഴ്ചകളെ അംഗീകരിക്കുന്നതിനു പകരം അതിനെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, രാജ്യത്തിന്റെ പ്രതിപക്ഷമായിരിക്കെ നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ബിജെപി രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന വിമര്‍ശനം പാര്‍ലമെന്റില്‍ പോലും ബിജെപി ഉന്നയിച്ചു. എന്നാല്‍ ഇന്ന് ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ ഒമ്പതുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ സംഭവത്തെ ചെറുതാക്കി കാണിച്ചുകൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഡല്‍ഹിയിലെ നിയമങ്ങള്‍ക്കും ക്രമസമാധാന പരിപാലനത്തിനും ഉത്തരവാദി ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം കുറിപ്പില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ബിജെപി വക്താവ് സാംബിത് പാത്രയുടെ പ്രസ്താവനയ്‌ക്കെതിരേയും സഞ്ജയ് റാവത്ത് പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നതിനാല്‍ അവര്‍(ബിജെപി)ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ ക്ഷമിക്കണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? സഞ്ജയ് റാവത്ത് ചോദിച്ചു.

 

Top