ന്യൂഡല്‍ഹി: കര്‍ഷകര്‍ ‘ദില്ലി ചലോ’ മുദ്രാവാക്യം ഉയര്‍ത്തി ഡല്‍ഹിയില്‍ പ്രവേശിച്ചാല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനു താല്‍ക്കാലികമായി 9 സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷ തള്ളി അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പുറപ്പെട്ട കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ്.
ഡല്‍ഹിയിലേക്കുള്ള വഴി കോണ്‍ക്രീറ്റ് സ്ലാബുകളും കമ്പിവേലികളും കൊണ്ട് പൊലീസ് പൂര്‍ണമായി അടച്ചു. മടങ്ങിപ്പോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കര്‍ഷകര്‍ വഴങ്ങാത്ത സാഹചര്യത്തില്‍ നടപടി കടുപ്പിക്കാനാണ് നീക്കം. കര്‍ഷകരെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളും പൊലീസ് സജ്ജമാക്കി.
അരലക്ഷത്തിലധികം കര്‍ഷകര്‍ വെള്ളിയാഴ്ച വൈകിട്ടോടെ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. കനത്ത പൊലീസ് കാവലിലാണ് ഡല്‍ഹി. മാര്‍ച്ചില്‍നിന്നു പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു കര്‍ഷകര്‍. ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകരെ നേരിടാന്‍ ബിഎസ്എഫിനെ ഉള്‍പ്പെടെയാണു കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്.