ആശുപത്രികള്‍ നിറഞ്ഞു, ഇനി ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം: കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികില്‍സ നല്‍കൂവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുവെന്നും തിങ്കളാഴ്ച മുതല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 10,000 കട്ടിലുകളാണ് ഡല്‍ഹിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികില്‍സ ലഭിക്കും. അഞ്ചംഗ ഉപദേശക സമിതിയുടെ നിര്‍ദേശ പ്രകാരം ജൂണില്‍ 15,000 കട്ടിലുകള്‍ ഡല്‍ഹി നിവാസികള്‍ക്ക് ആവശ്യമാണെന്നും 9,000 കട്ടിലുകള്‍ മാത്രമാണ് നിലവിലുള്ളതെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിച്ചാല്‍ മൂന്നു ദിവസം കൊണ്ട് ഇവ തീരുമെന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ പല ആശുപത്രികളും ഇതിനകം തന്നെ നിറഞ്ഞു. ഒരാഴ്ചയായി ദിവസവും ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം 27,000 ആയി .

Top