വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്നും ഇത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവാക്‌സിന്റെയും കോവിഷീല്‍ഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശമുണ്ടെന്നും വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് ഭാരത് ബയോടെക് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചതെന്നും സിസോദിയ വ്യക്തമാക്കി.

സംസ്ഥാനത്ത് വാക്‌സിന്റെ കരുതല്‍ ശേഖരം തീര്‍ന്നു. കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ മാത്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കോവാക്‌സിന്‍ കുത്തിവെപ്പിനായി 17 സ്‌കൂളുകളിലായി സജ്ജീകരിച്ച 100 വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം അടച്ചുവെന്നും സിസോദിയ വ്യക്തമാക്കി. 6.6 കോടി ഡോസ് വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതാണ് രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിലേക്ക് നയിച്ചതെന്നും സിസോദിയ ആവര്‍ത്തിച്ചു.

വാക്‌സിന്‍ സംബന്ധമായ എല്ലാ കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്നും വാക്‌സിന്‍ നിര്‍മാണത്തിന് കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top