ന്യൂഡല്‍ഹി: കോവിഡും ലോക്ക്ഡൗണും കനത്ത സാമ്പത്തിക നഷ്ടമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. 5000 കോടി ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാന്മ കത്തുനല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ഡല്‍ഹി കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
3500 കോടി രൂപ ശമ്പളം നല്‍കുന്നതിനായി മാത്രം സംസ്ഥാന സര്‍ക്കാറിന് വേണം. എന്നാല്‍ ജിഎസ്ടി വിഹിതം കഴിഞ്ഞ രണ്ട് മാസമായി 500 കോടി വീതം മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റ് വരുമാനമായി സംസ്ഥാന സര്‍ക്കാറിന് 1735 കോടിയും ലഭിച്ചെന്നും മനീഷ് സിസോദിയ പറഞ്ഞു. രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 7000 കോടി ആവശ്യമുണ്ട്. 5000 കോടി ഉടന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് ശമ്പളം നല്‍കാന്‍ പണം വേണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയുടെ നികുതി വരുമാനത്തില്‍ 85 ശതമാനമാണ് കുറവുണ്ടായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളതില്‍ മൂന്നാമതാണ് ഡല്‍ഹി. 18,549 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 416 പേര്‍ മരിക്കുകയും ചെയ്തു.