ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ തടഞ്ഞ കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ ഉച്ചയ്ക്ക് വിധി പറയും. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങള്‍ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുന്നതു ഫെബ്രുവരി രണ്ടിനു ജസ്റ്റിസ് സുരേഷ് കൈഠ് മാറ്റിവച്ചിരുന്നു.
ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ എ.പി.സിങ്, റെബേക്ക ജോണ്‍ എന്നിവര്‍ ഹാജരായി.
കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുന്നത് 2 ദിവസം മുന്‍പു മാത്രമാണെന്നും മരണ വാറന്റിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നില്ലെന്നും റെബേക്ക ജോണ്‍ ബോധിപ്പിച്ചു.