ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ്: ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി ദില്ലി ഹൈക്കോടതി

ദില്ലി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി ദില്ലി ഹൈക്കോടതി. ന്യൂസ് ക്ലിക്ക് മേധാവികളുടെ അറസ്റ്റിന്റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ലെന്ന് ഇന്ന് ഹര്‍ജി പരിഗണിക്കുന്നതിനായി എടുത്തപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടില്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ദില്ലി പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കുമെന്ന് സോളിസ്റ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

എഫ്.ഐ.ആറിലെ ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ ന്യൂസ് ക്ലിക്കിന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും സോളിസ്റ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിങ്കളാഴ്ച ആദ്യ ഇനമായി ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. യുഎപിഎ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ന്യൂസ് ക്ലിക്ക് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കാന്‍ എടുത്ത ദില്ലി ഹൈക്കോടതി അറസ്റ്റിന്റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ലെന്ന നിരീക്ഷണം നടത്തിയത്.

Top