അജ്ഞാത സന്ദേശങ്ങള്‍ അയക്കുന്ന ആപ്പുകള്‍ക്കെതിരെ നടപടി ; കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

ന്യൂഡല്‍ഹി : അജ്ഞാത സന്ദേശങ്ങള്‍ അയയ്ക്കാന്‍ സഹായിക്കുന്ന സമൂഹമാധ്യമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി.

സൗദി ആസ്ഥാനമായുള്ള ‘സറാഹ’ ആപ്ലിക്കേഷനും വെബ്‌സൈറ്റിനുമെതിരെ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം.

ആവശ്യമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഇത്തരം ആപ്ലിക്കേഷനുകള്‍ സൈബര്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മറ്റുള്ളവരെ അപമാനിക്കുന്നതിന് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

നടപടി എടുക്കുകയാണെങ്കില്‍ അത് എത്രയും പെട്ടെന്നു വേണം. ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവിറക്കുകയോ നടപടിയെടുക്കുകയോ ചെയ്താല്‍ വിവരങ്ങള്‍ ഹര്‍ജിക്കാരനെ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.

അഭിഭാഷകനായ ഷദാബ് ഹുസൈന്‍ ഖാനാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനെയും ആഭ്യന്തര വകുപ്പിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

സറാഹ കൂടാതെ ‘അജ്ഞാത’ സന്ദേശങ്ങളയയ്ക്കാന്‍ സഹായിക്കുന്ന എല്ലാത്തരം വെബ്‌സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും നിരോധിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top