ഡല്‍ഹി: ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടീസിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ജനുവരി 7-നു മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു മഹുവയ്ക്ക് ലഭിച്ച നോട്ടീസ്. ഇതിനെതിരെയാണ് മുന്‍ എം.പി. ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹര്‍ജി തള്ളിയ കോടതി ഔദ്യോഗിക വസതി വീണ്ടെടുക്കാന്‍ ഭവന നിര്‍മാണ- നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. വസതിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ നിയമപരമായി മാത്രം ചെയ്യണമെന്ന് സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി പിന്‍വലിക്കാനും മഹുവയ്ക്ക് കോടതി അനുമതി നല്‍കി.
എം.പി.മാരുടെ ഉള്‍പ്പടെയുള്ള വസതികളുടെയും കേന്ദ്രസര്‍ക്കാരിന്റെ മറ്റു വസ്തുവകകളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിനാണ്. ഡിസംബര്‍ 11-നാണ് വസതി ഒഴിഞ്ഞു കൊടുക്കണമെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മഹുവയ്ക്ക് നോട്ടീസ് അയച്ചത്.