ന്യൂഡല്‍ഹി : 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഇരട്ട പദവി പ്രതിഫലം കൈപ്പറ്റി എന്ന പരാതിയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തി.
ഇരട്ട പദവി പ്രതിഫലം ആരോപിച്ച് 20 എംഎല്‍എമാരെ അയോഗ്യരാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ റദ്ദാക്കണം എന്നാവശ്യപ്പെട്ട് 6 എഎപി എംഎല്‍എമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം നിരാകരിച്ച കോടതി എംഎല്‍എമാരുടെ നിയമനം നിയമ വിരുദ്ധമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യത്തില്‍ നവംബര്‍ രണ്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ ഇനി സുപ്രിംകോടതിയെ സമീപിക്കാനാണ് എഎപി തീരുമാനം.