കോവിഡ് മരുന്നുകള്‍ ശേഖരിച്ച ഗംഭീറടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ മരുന്നുകള്‍ വന്‍തോതില്‍ ശേഖരിച്ചു വെക്കുകയും അടുപ്പക്കാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ആം ആദ്മി എം.എല്‍.എമാരായ പ്രീതി തോമര്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ അമിതമായി മെഡിക്കല്‍ ഓക്‌സിജന്‍ സൂക്ഷിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും സമാനമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഡല്‍ഹി സര്‍ക്കാറിന്റെ ഡ്രഗ് കണ്‍ട്രോളറിന് ജസ്റ്റിസുമാരായ വിപിന്‍ സംഘി, ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.

കോവിഡ് പ്രതിരോധ മരുന്നായ ഫാബിഫ്‌ലു സ്ട്രിപ്പുകള്‍ ഒരാള്‍ക്ക് രണ്ടായിരത്തിലധികം എങ്ങനെ ലഭിച്ചുവെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പരിശോധിക്കണം. ഇത്തരം മരുന്നിന് വലിയ ക്ഷാമമാണ് രാജ്യത്ത് നേരിടുന്നത്. സഞ്ജയ് ഗാര്‍ഗ് ആശുപത്രിയിലെ ഡോ. മനീഷിന്റെ കുറിപ്പടി പ്രകാരം 2628 സ്ട്രിപ്പ് ഫാബിഫ്‌ലു ആണ് ഗംഭീര്‍ സ്വന്തമാക്കിയത്. ഇതില്‍ 2,343 സ്ട്രിപ്പുകള്‍ രോഗികള്‍ക്ക് വിതരണം ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്.

ബാക്കി 285 സ്ട്രിപ്പുകള്‍ കോടതിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാറിന്റെ ആരോഗ്യ സേവന ഡയറക്ടര്‍ ജനറലിനായി നല്‍കിയതായും അറിയിച്ചു. രോഗികള്‍ മരുന്നിനു വേണ്ടി അലയുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് വന്‍തോതില്‍ സംഭരിക്കാനും ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്യാനും സാധിക്കുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

Top