ഡല്‍ഹിയില്‍ കര്‍ഷകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഡല്‍ഹി: കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെതാണ് ഉത്തരവ്. കര്‍ഷക പ്രക്ഷോഭത്തിനിടെ ഫെബ്രുവരി 21 നാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത്.

പ്രകടമായ ചില കാരണങ്ങളാല്‍ അന്വേഷണം പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്ക് കൈമാറാനാകില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി എസ് സന്ദാവാലിയ, ജസ്റ്റിസ് ലപതി ബാനര്‍ജി എന്നിവര്‍ പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്ജി, ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നുമായി എഡിജിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി അറിയിച്ചു. ഇന്ന് നാല് മണിക്കകം എഡിജിപിമാരുടെ പേര് നിര്‍ദേശിക്കണമെന്ന് ഇരു സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

പ്രതിഷേധക്കാര്‍ക്ക് നേരെ ഏത് തരത്തിലുള്ള ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് ഉപയോഗിച്ചതെന്നും ഹൈക്കോടതി പഞ്ചാബ് സര്‍ക്കാരിനോട് ചോദിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും കോടതി അറിയിച്ചു. 21 കാരനായ ശുഭ് കരണ്‍ സിംഗിന്റെ തലയോട്ടിയോട് ചേര്‍ന്നുള്ള കഴുത്തിന്റെ ഭാഗത്ത് നിരവധി മെറ്റല്‍ പെല്ലറ്റുകള്‍ സി ടി സ്‌കാനില്‍ കണ്ടെത്തിയിരുന്നു.

Top