വിവാഹിതരുടെ ലിവ്-ഇന്‍ ബന്ധത്തില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിക്ക് സാധുതയില്ല:ഹൈക്കോടതി

ഡല്‍ഹി:വിവാഹിതരുടെ ലിവ്-ഇന്‍ ബന്ധത്തില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. നിലവിലുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താതെ മറ്റൊരാളെ വിവാഹ ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാദം ഇത്തരം ബന്ധങ്ങളില്‍ ഉന്നയിക്കാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

‘ വിവാഹിതരായ രണ്ടു പേര്‍ ലിവ്-ഇന്‍ ബന്ധത്തിലാകുന്നത് സമൂഹത്തിന് ചിലപ്പോള്‍ അംഗീകരിക്കാനാകില്ലായിരിക്കും. എന്നാല്‍ അതൊരു കുറ്റകൃത്യമല്ല. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സദാചാരവിരുദ്ധമായ കാര്യങ്ങള്‍ നിയമത്തിനു മുമ്പില്‍ തെറ്റാകണമെന്നില്ല. ചില ജഡ്ജിമാര്‍ക്കും സമാന അഭിപ്രായങ്ങളുണ്ടായേക്കാം. എന്നാല്‍ രണ്ടും രണ്ട് കാര്യങ്ങളാണ്. ,’ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ ഉത്തരവില്‍ പറഞ്ഞു.

ലിവ്-ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന വിവാഹിതര്‍ക്ക്, വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാദം ഉന്നയിക്കാനാവില്ല. ഐപിസി 376 വകുപ്പ് പ്രകാരമുള്ള സംരക്ഷണം ഒരു വ്യക്തിക്ക് ലഭിക്കണമെങ്കില്‍, അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വ്യക്തിയെ നിയമപരമായി വിവാഹം ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലായിരിക്കണം. നിലവില്‍ വിവാഹിഹയായ ഒരു സ്ത്രീക്ക് അങ്ങനെ ഒരു ആരോപിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സമൂഹം അംഗീകരിച്ചില്ലെങ്കിലും ഇത്തരം ബന്ധങ്ങളിലേക്ക് പോകാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ട്. എന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ അവര്‍ തയ്യാറായിരിക്കണമെന്നും എസ് രാജാദുരൈയുടെ കേസില്‍ കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നപേരില്‍ ഡല്‍ഹി പോലീസ് ഫയല്‍ ചെയ്ത എഫ്‌ഐആര്‍ തള്ളണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജിയില്‍ സ്ത്രീ പങ്കാളിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകുന്നതല്ലെന്നും പുരുഷകേന്ദ്രീകൃത മനോഭാവമാണ് ഇതെന്നും കോടതി പറഞ്ഞു.

കോടതി സ്ത്രീകളെ കാണുന്നത് സ്വയം തീരുമാനം എടുക്കുന്ന തുല്യരായ വ്യക്തികളായിട്ടാണ്. ഈ തീരുമാനങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതുമുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന സദാചാരത്തിന്റെ വിഴുപ്പ് സ്ത്രീകളുടെ മേല്‍ കെട്ടിവയ്ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.ഈ കേസില്‍ കുറ്റാരോപിതനായ പുരുഷന്‍ ഒരു വിവാഹബന്ധത്തിലായതുകൊണ്ടു തന്നെ മറ്റൊരു വിവാഹം സാധ്യമാകില്ല. അതുകൊണ്ട് പരാതിക്കാരി വിവാഹവാഗ്ദാനം പരിഗണിക്കരുതായിരുന്നുവെന്നാണ് കോടതി പറയുന്നത്. ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ആ എഫ്‌ഐആര്‍ അസാധുവാക്കുകയും ചെയ്തു.

Top