ഡിവോഴ്സ് കേസിനിടെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അയോഗ്യതയായി കാണാനാകില്ലെന്ന് ഹൈക്കോടതി

ദില്ലി : വര്‍ഷങ്ങളായി ഭാര്യയില്‍നിന്നും അകന്നുകഴിഞ്ഞശേഷം ഡിവോഴ്സ് കേസ് കോടതിയില്‍ തീര്‍പ്പാകാതെ നീണ്ടുപോകുന്നതിനിടെ മറ്റൊരു സ്ത്രീക്കൊപ്പം ഭര്‍ത്താവ് കഴിയുന്നത് ഡിവോഴ്സിനുള്ള അയോഗ്യതയായി കാണാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. ഭാര്യ നിരന്തരമായി ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവ് നല്‍കിയ ഡിവോഴ്സ് കേസ് അനുവദിച്ചുകൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്, ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങിയ ദില്ലി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഭര്‍ത്താവിന് ഡിവോഴ്സ് നല്‍കികൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവും ഹൈകോടതി ശരിവെച്ചു.

ഭര്‍ത്താവിനെ താന്‍ നിരന്തരം ഉപദ്രവിച്ചുവെന്ന ആരോപണം തെറ്റാണെന്നും ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും ഡിവോഴ്സ് അനുവദിക്കരുതെന്നും വ്യക്തമാക്കിയാണ് ഭാര്യ ഹര്‍ജി നല്‍കിയത്. 2003 ഡിസംബരില്‍ വിവാഹിതരായ ഇരുവരും 2005 മുതല്‍ അകന്നാണ് കഴിയുന്നതെന്നും വീണ്ടും കൂടിചേരാന്‍ യാതൊരു സാധ്യതയുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മില്‍ നിരന്തരം നിലനില്‍ക്കുന്ന തര്‍ക്കങ്ങളും ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതികളുമെല്ലാം ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി. ഭര്‍ത്താവിനെ ഭാര്യ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് തെളിഞ്ഞിട്ടുണ്ടെന്നും ഇരുവരും തമ്മിലുള്ള തര്‍ക്കം ഭര്‍ത്താവിനും അയാളുടെ കുടുംബത്തിനും വലിയരീതിയിലുള്ള മാനിസകാഘാതമുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഭര്‍ത്താവിനെ ജയിലില്‍ അയക്കുമെന്നും കൊല്ലുമെന്നും ഭാര്യ ഭീഷണിപ്പെടുത്തിയെന്നത് 2011ല്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികളിലൂടെ വ്യക്തമായതാണ്. എന്നാല്‍, ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഉപദ്രവമേല്‍ക്കുന്നുവെന്ന ഭാര്യയുടെ ആരോപണത്തിനുള്ള തെളിവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍, വളരെ കാലമായി അകന്നു കഴിയുന്നതിനിടെ, ഡിവോഴ്സ് ഹര്‍ജി കോടതിയില്‍ തീര്‍പ്പാവാതെ കെട്ടികിടക്കുന്ന സാഹചര്യത്തില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീക്കൊപ്പം സമാധാനപരമായി ജീവിതമാരംഭിക്കാന്‍ തുടങ്ങിയെന്നത് ഡിവോഴ്സ് അനുവദിക്കാതിരിക്കുന്നതിന് കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തെളിവും സ്ത്രീക്ക് ഹാജരാക്കാനായിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Top