ന്യൂഡല്‍ഹി: വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിക്കുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി. ദക്ഷിണ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള താമസ കേന്ദ്രങ്ങളുടെ വികസനത്തോടനുബന്ധിച്ച് 16,500ഓളം മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടിക്കാണ് ജൂലൈ രണ്ട് വരെ ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സരോജിനി നഗര്‍, നവറോജി നഗര്‍, നേതാജി നഗര്‍ തുടങ്ങി ഏഴിടങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള താമസ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനായി മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റുന്നത്. ഇതിനായി കേന്ദ്ര പരിസ്ഥിതി വകുപ്പ്, കേന്ദ്ര നഗര വികസന വകുപ്പ്, ഡല്‍ഹി വനം വകുപ്പ് എന്നിവരുടെ അനുമതിയുമുണ്ട്. അതേസമയം പ്രദേശവാസികളും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകരും നടപടിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധവും ഒപ്പു ശേഖരണവും നടക്കുന്നുണ്ട്.
റോഡുകളുടെയും കെട്ടിടങ്ങളുടെയും വികസനത്തിനായി മരങ്ങള്‍ വെട്ടുന്നത് താങ്ങാന്‍ ഡല്‍ഹിക്കാവുമോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എന്‍.ബി.സി.സി(ഇന്ത്യ)ലിമിറ്റഡിനോട് കോടതി ചോദിച്ചു. കോടതി ജൂലൈ നാലിന് കേസില്‍ വാദം കേള്‍ക്കും. ദേശീയ ഹരിത ട്രൈബ്യൂണല്‍ ജൂലൈ രണ്ടിന് വിഷയം കേള്‍ക്കും.