ന്യൂഡല്‍ഹി: ക്യാമ്പസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ പിഴയൊടുക്കണമെന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ശിക്ഷാ നടപടി ഡല്‍ഹി ഹൈക്കോടതി തടഞ്ഞു.
ജെഎന്‍യുവിന്റെ ഈ ശിക്ഷ നിലനില്‍ക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിക്ഷ പിന്‍വലിക്കുന്നതായും ജെഎന്‍യു അധികൃതര്‍ അറിയിച്ചു.
അഫ്സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് കാണിച്ചാണ് കോളേജിലെ അപ്പീല്‍ കമ്മിറ്റി കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്തിയത്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കികൊന്ന അഫ്സല്‍ ഗുരുവിനെ അനുസ്മരിച്ച് 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ പൊതുപരിപാടി നടത്തിയതിനെ തുടര്‍ന്നാണ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 13 വിദ്യാര്‍ഥികള്‍ക്കെതിരേ ജെഎന്‍യു നടപടി എടുത്തത്.