ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികളുടെ സമരം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക്. ഇന്നലെ യുപി ഭവന്‍ ഉപരോധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് കാമ്പസിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രതിഷേധം നടത്തും.
കാമ്പസില്‍ നടന്ന പൊലീസ് നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മാനവവിഭവശേഷി മന്ത്രി എന്നിവര്‍ക്ക് ഭീമ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
മാത്രമല്ല അടുത്ത മാസം 12 ന് ഡല്‍ഹി രാംലീലാ മൈതാനത്ത് രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ പരിപാടി നടത്താനും സമരസമിതി പദ്ധതിയിടുന്നുണ്ട്.
ദരിയാഗഞ്ചില്‍ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പേരുടെ ജാമ്യാപേക്ഷയിന്മേല്‍ ഇന്ന് ഡല്‍ഹി കോടതി വിധി പറയും. അഡിഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് കുമാറാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.