ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുമ്പോള്‍ ഒരു ഭരണാധികാരിയുടെ വിലയിരുത്തലുകളും ഒരു പാര്‍ട്ടിയും തന്നെയായിരിക്കും ഡല്‍ഹി രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമാറുക. ഒരു കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡൽഹിക്കാര്‍ അധികമൊന്നും കേട്ടിട്ടു പോലുമില്ലാതിരുന്ന അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവിലേക്കും ആംആദ്മി എന്ന പാര്‍ട്ടിയുടെ കുതിപ്പിലേക്കുമാണ് ആ ചര്‍ച്ചകള്‍ എത്തുക.
ഷീല ദീക്ഷിത്തിനെ പോലെ ഒരു ഡൽഹിയുടെ മനമറിഞ്ഞ മുഖ്യമന്ത്രിയെ.. നൂറ്റാണ്ടിന്റെ പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ അട്ടിമറിച്ച ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവിന്റെ വിജയം രാഷ്ട്രീയ ഭൂപടത്തില്‍ എന്നും നിറമുള്ള ചിത്രങ്ങള്‍ തന്നെയാണ്. ചുരുങ്ങിയ വര്‍ഷം കൊണ്ട് ദില്ലിയുടെ ഗതിനിര്‍ണ്ണ ചിത്രത്തില്‍ വലിയ സാന്നിധ്യമായി മാറിയ അരവിന്ദ് കെജ്‌രിവാളിന് തന്നെയാണ് ഡൽഹികാര്‍ക്കിടയില്‍ കൂടുതല്‍ പ്രിയം.
ഇത്തവണ ഡൽഹിയില്‍ താമര വിരിയിക്കാമെന്ന കണക്ക് കൂട്ടലില്‍ വരുന്ന ബിജെപിക്ക് ശക്തമായ വെല്ലുവിളിയും അരവിന്ദ് കെജ്രിവാള്‍ തന്നെയാണ്. ഇന്ദ്ര പ്രസ്ഥത്തില്‍ അധികാരത്തിലിരിക്കുമ്പോഴും അരവിന്ദ് കെജ്‌രിവാള്‍ മോദി സര്‍ക്കാരിന്റെ അഴിമതി പവര്‍ത്തനങ്ങളെ തുറന്നു കാട്ടാന്‍ മറന്നില്ല. കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശന സ്വരം ഉയര്‍ത്താന്‍ ഭയപ്പാടില്ലാത്ത നേതാവ് വളരെ വേഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയത് ദില്ലി രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് വളരെ വ്യക്തമാണ്.
ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കം, ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള ശീതസമരം എന്നിവയെല്ലാം കെജ്‌രിവാളിന് മുന്നില്‍ കൂടുതല്‍ ഭരണ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും കെജ്രിവാള്‍ അതിലൊന്നു തട്ടിവീഴാതെയാണ് ദില്ലി ഭരണത്തെ മുന്നോട്ട് കൊണ്ട് പോയത്. ദവൈദ്യുതി, കുടിവെള്ളം നിരക്കുകളില്‍ വന്‍തോതില്‍ കുറവ് വരുത്തിയാണ് കെജ്‌രിവാള്‍ ഡല്‍ഹി ഭരണം തുടങ്ങിയത്.വൈദ്യതി ഉപഭോഗം പ്രതിമാസം 400 യുണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക ഇളവുകള്‍ നല്‍കി.
ഒരു കുടുംബത്തിന് ഇരുപതിനായിരം ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കി. സാധാരണകാര്‍ക്കായി 1000 മൊഹല്ല ക്ലിനിക്കുകള്‍ തുടങ്ങിയും ആംആദ്മി പാര്‍ട്ടിയും കെജ്രിവാളും ജനത്തെ ഞെട്ടിച്ചതും വികസന പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ തന്നെയാണ്. ചേരി നിവാസികള്‍ക്കായി ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കിയ അരവിന്ദ് കെജ്രിവാള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ വെല്ലുന്ന രീതിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ ഉടച്ച് വാര്‍ത്തും ദില്ലിയുടെ ചരിത്രത്തില്‍ തന്നെ മാതൃകപരമായ മുന്നേറ്റമെന്ന വിശേഷണമാണ് നേടിയെടുത്തത്.
മോഡല്‍ സ്‌കൂള്‍ പദ്ധതി അന്താരാഷ്ട്ര നിലവാരം എന്ന അടിസ്ഥാന സൗകര്യത്തില്‍ ആംആദ്മി സര്‍ക്കാര്‍ ഒതുക്കി നിര്‍ത്തിയില്ലെന്നതും ശ്രദ്ധേയമായൊന്നാണ്. അധ്യാപകര്‍ക്ക് ആശ്വാസം പകരുന്ന രീതിയിലേക്ക് വരെ വിദ്യാഭ്യാസ കാര്യത്തിലെ സര്‍ക്കാര്‍ നടപടികള്‍ എത്തി നിന്നു.
സെന്‍സസ്, പോളിയോ, തിരഞ്ഞെടുപ്പ് ജോലികള്‍, തുടങ്ങിയവയില്‍ നിന്ന് ഡല്‍ഹി അധ്യാപകരെ ഒഴിവാക്കിയ നടപടിയും ഏറെ പ്രശംസ പിടിച്ചു പറ്റി. കച്ചവട സ്ഥാപനങ്ങളായി മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് സാധിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വായ്പ നല്‍കാനുള്ള തീരുമാനവും ദില്ലിയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായി മാറുകയായിരുന്നു.
5 വര്‍ഷത്തിനുള്ളില്‍ 500 സ്‌കൂളുകള്‍ ആംആദ്മിപാര്‍ട്ടിയുടെ സ്വപ്നം പുരോഗമിച്ചു വരുകയുമാണ്. തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. വിവാഹ സര്‍ട്ടിഫിക്കേറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍കണക്ഷന്‍ തുടങ്ങിയ മിക്ക ആവശ്യ സര്‍വ്വീസുകളും വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി. പറഞ്ഞു വാക്കുകളില്‍ അണുവിട വ്യതി ചലിക്കാതെ നേതാവ് തന്നെയാണ് കെജ്രിവാളെന്ന് പറയാന്‍ ഇതില്‍പരം വിശേഷണമില്ലെന്നും നേട്ടങ്ങള്‍ പറഞ്ഞു വെക്കുന്നു.
ഇങ്ങനെ 2018 ലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഒരുപിടി സുപ്രധാന തീരുമാനങ്ങള്‍ ഡല്‍ഹിയുടെ രാഷ്ട്രീയ ചരിത്രത്തിലേക്ക് കെജ്രിവാള്‍ എഴുതി ചേര്‍ത്തു. ഇതെല്ലാമാണ് ബിജെപിയെ ഡല്‍ഹി മണ്ണില്‍ നിലം തൊടാന്‍ അനുവദിക്കില്ലെന്ന കെജ്‌രിവാളിന്റെ നില ഭദ്രമാക്കുന്നത്. വികസന നേട്ടങ്ങള്‍ ഓരോന്നായി എണ്ണിപറയുമ്പോഴും 2018ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തില്‍ കൂടില്ലെന്ന് കെജ്രിവാളിന്റെ പ്രഖ്യാപനമാണ് ഡല്‍ഹി രാഷ്ട്രീയത്തില്‍ പുതിയതായി ഉയര്‍ന്നത്.
ഡല്‍ഹിക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ എന്തുവില കൊടുത്തും അമിത് ഷാ യുടെ നേതൃത്വത്തില്‍ കെജ്രിവാളിന് വെട്ടി നിരത്താനുള്ള ചാണക്യ തന്ത്രങ്ങള്‍ അണിയറയില്‍ ജീവമാകുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവ് ജനങ്ങള്‍ക്കിടയില്‍ തന്നെയാണ് പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നത്. ബിജെപി ഡല്‍ഹി കേന്ദ്രീകരിച്ച് കെജ്‌രിവാളിന് ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ ഹരിയാന,പഞ്ചാബ് എന്നിവിടങ്ങളില്‍ ആംആദ്മി പാര്‍ട്ടിയുടെ വേരുകള്‍ സജീവമാക്കുകയാണ് കെജ്രിവാളിന്റെ ലക്ഷ്യം.
എന്തായാലും ഡല്‍ഹിയില്‍ താമരയുടെ പൂക്കാലം ആയിരിക്കുമോ, അഴിമതി തുടച്ചുമാറ്റാന്‍ ആംആദ്മി പാര്‍ട്ടി ഒരിക്കല്‍ കൂടി കരുത്ത് തെളിയിക്കുമോയെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ ജനത നോക്കി കാണുന്നത്.
റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്