രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്, ലഫ്. ഗവർണറുടെ നിർദേശങ്ങൾ പാലിക്കും:കെജ്രിവാൾ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലഫ്റ്റനന്റ് ഗവർണറുടെ നിർദേശങ്ങൾ പാലിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
രാഷ്ട്രീയം കളിക്കാനോ വിസമ്മതിക്കാനോ ഉള്ള സമയമല്ല ഇതെന്ന് കെജ്രിവാൾ വീഡിയോ കോൺഫറൻസിങ്ങിൽ പറഞ്ഞു.

ഡൽഹി തിരഞ്ഞെടുപ്പിൽ ഞങ്ങൾ 62 സീറ്റുകൾ നേടി. എന്നാലും എന്ത് ചെയ്യണമെന്ന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നു, എന്ത് ചെയ്യണമെന്ന് ലഫ്.ഗവർണർ ഉത്തരവിട്ടിരിക്കുന്നു. ആ തീരുമാനം നടപ്പിലാക്കും. വിസമ്മതിക്കാനുള്ള സമയമല്ല. ഇക്കാര്യത്തിൽ തർക്കങ്ങളോ വാദങ്ങളോ ഇല്ല. ഈ സമയം രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോരടിച്ചാൽ ഒടുവിൽ വിജയിക്കുന്നത് കൊറോണ വൈറസ് ആയിരിക്കും. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യം ഒന്നിക്കണം. എത്ര വലിയ പ്രതിസന്ധിയിലാണ് നമ്മളുള്ളതെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്ന് കെജ്രിവാൾ പറഞ്ഞു.

ഡൽഹി സർക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമേ ചികിൽസ നൽകൂവെന്ന് കഴിഞ്ഞ ദിവസം കെജ്രിവാൾ പറഞ്ഞിരുന്നു.എന്നാൽ കെജ്രിവാളിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം ഗവർണർ അനിൽ ബൈജാൽ റദ്ദാക്കിയിരുന്നു.

വിചേവം കൂടാതെ എല്ലാ രോഗികൾക്കും ഡൽഹിയിൽ ചികിത്സ നൽകും. സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് പാലിക്കുമെന്നാണ് കെജ്രിവാൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Top