ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്രിവാള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്രിവാള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. കേജ്രിവാള്‍ ഇന്ന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേജ്രിവാളിന്റെ കത്ത് ഇത് വരെ ലഭിച്ചില്ല എന്ന് ഇഡി കേന്ദ്രങ്ങള്‍ അറിയിച്ചു. കേജ്രിവാള്‍ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന. അവിടെ നിന്ന് മധ്യപ്രദേശിലേക്ക് പോകും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മധ്യപ്രദേശിലേക്ക് പോകുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മധ്യപ്രദേശ് പ്രചരണത്തിന് ഇറങ്ങുമെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഇന്ന് മധ്യപ്രദേശിലെ സിങ്ഗ്രൗലിയില്‍ കേജ്രിവാള്‍ റോഡ് ഷോ നടത്തും.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇതേ കേസില്‍ സിബിഐ അരവിന്ദ് കേജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇഡി മുഖ്യമന്ത്രി കേജ്രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. 2022 ഓഗസ്റ്റിലാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തത്.

Top