ഡൽഹി : ഡൽഹി മദ്യ നയ കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ.കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. കവിതയെ ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വ്യക്തമാക്കി. അറസ്റ്റുണ്ടായാൽ ബിആർ എസ് നേതാക്കളും പ്രവർത്തകരും ദില്ലിയിലെത്തി പ്രതിഷേധിക്കുമെന്നും പാർട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആർ പറഞ്ഞു. സഹോദരനും മന്ത്രിയുമായ കെ ടി രാമറാവു ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിക്കും
രാവിലെ 11 മണിക്കാണ് കവിത ദില്ലി ഇഡി ഓഫീസിൽ ഹാജരാവുക. നേരത്തെ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളക്ക് ഒപ്പമാണ് കവിതയെ ചോദ്യം ചെയ്യുക. ഇന്നലെ കവിതയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വനിതാ സംവരണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കൾ സഹകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന വിമർശനം ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്പോഴാണ് കവിതയുടെ ചോദ്യം ചെയ്യൽ.