delhi malayali student murder

ന്യൂഡല്‍ഹി : മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പോലീസ് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടത്തുന്നതില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നത്.

സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും കടയുടമയുടെ മൂത്ത മകനെ മാത്രമാണ് പ്രതിയായി ചേര്‍ത്തിട്ടുള്ളു എന്നാണു വിവരണം. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് നിലപാട്.

വിവിധ മലയാളി സംഘടനകള്‍ വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തില്‍ പ്രതിയുടെ പാന്‍മസാല കട അടക്കമുള്ളവ കത്തിച്ചിരുന്നു. പാന്‍മസാല വില്‍പന കേന്ദ്രത്തിലൂടെ കഞ്ചാവ് അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പന ചെയ്യുന്നുവെന്നാരോപിച്ചാണ് നാട്ടുകാര്‍ രാത്രി പാന്‍മസാല വില്പന കേന്ദ്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും ചെയ്തത്.

പാന്‍മസാല നിരോധിച്ച ഡല്‍ഹിയില്‍ കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ വിറ്റഴിക്കുന്നതിന് പോലീസ് തന്നെ സഹായം ചെയ്തു കൊടുക്കുന്നുവെന്ന ആരോപണം മയൂര്‍ വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ട്.

മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊന്ന സംഭവത്തിലും ലഹരി മാഫിയയുടെ കൈകടത്തല്‍ ഉണ്ടെന്നാണ് മലയാളി സംഘടനകള്‍ പരാതി നല്‍കിയിരിക്കുന്നത്.

പ്രതിഷേധം ഉയര്‍ന്നിട്ടുപോലും വ്യാഴാഴ്ച വൈകുന്നേരം വരെ പ്രതികളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയാറാകാത്തത് ലഹരി മാഫിയയും പോലീസും തമ്മിലുള്ള ബന്ധമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഇന്നു രാവിലെയും വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം മലയാളി വിദ്യാര്‍ഥി രജത്തിനെ മര്‍ദിച്ചുകൊന്ന സ്ഥലത്ത് തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുമെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.

ഇതോടെ സ്ഥലത്ത് ആളുകള്‍ കൂട്ടംകൂടിയിട്ടുമുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെയും രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് മലയാളി സംഘടനകള്‍ അറിയിച്ചു.

Top