ഡല്‍ഹി മെട്രോ നിരക്ക് വര്‍ധന; മൂന്നുലക്ഷത്തോളം യാത്രക്കാര്‍ മെട്രോയെ ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയെ സ്ഥിരം യാത്രക്കാര്‍ ഒഴിവാക്കുന്നുവെന്നു പുതിയ കണക്കുകള്‍.

മൂന്നുലക്ഷത്തോളം സ്ഥിരം യാത്രക്കാര്‍ മെട്രോ യാത്ര ഉപേക്ഷിച്ച് മറ്റുമാര്‍ഗങ്ങള്‍ തിരഞ്ഞെടുത്തതായുള്ള കണക്കുകള്‍ വിവരാവകാശ നിയമ പ്രകാരം പുറത്തുവന്നു.

യാത്രാ നിരക്കു വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണു മെട്രോയെ യാത്രക്കാര്‍ ഒഴിവാക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്.

20 മുതല്‍ 50 ശതമാനം വരെ വര്‍ധനവാണ് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ ടിക്കറ്റ് നിരക്കില്‍ വരുത്തിയത്.

ഇതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത് വന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിരക്കു വര്‍ധനയക്കു അനുമതി നല്‍കിയിരുന്നു.

ഒക്ടോബര്‍ 10 നായിരുന്നു ഡല്‍ഹി മെട്രോയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. ഇതിനെതിരെ കെജ്‌രിവാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

കേന്ദ്ര സംസ്ഥാന പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിയാണ് മെട്രോ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ ആളുകള്‍ ഇനിയും മെട്രോ യാത്ര ഉപേക്ഷിക്കുമെന്നു വിവരങ്ങളുണ്ട്.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കെ സര്‍ക്കാര്‍ തന്നെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനിടെയാണ് ആളുകള്‍ മെട്രോ യാത്ര ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

Top